Wednesday, May 8, 2024
keralaNewspolitics

തര്‍ക്കത്തില്‍ ചങ്ങനാശേരി; കോട്ടയത്ത് സീറ്റ് വിഭജനം

കോട്ടയത്തെ ചങ്ങനാശേരി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ശക്തമാകുന്നു. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ജോസഫ് ഗ്രൂപ്പിന് അധിക സീറ്റ് നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭീഷണി.കോട്ടയത്തെ സീറ്റുകള്‍ക്കായുള്ള പിടിവലിയില്‍ യുഡിഎഫ് സീറ്റുവിഭജനം വഴിതെറ്റിപോകുകയാണ്. ക്ഷമനശിച്ച ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും അണികളും നേതൃത്വത്തിന് താക്കീതുമായി രണ്ടും കല്‍പ്പിച്ച് ഇറങ്ങിതുടങ്ങി. കേരള കോണ്‍ഗ്രസിന് നട്ടെല്ല് പണയം വെച്ച് ഇതുവഴി വരേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ റിബലാകാനും നേതാക്കള്‍ ഒരുങ്ങിക്കഴിഞ്ഞു. ചങ്ങനാശേരി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഡിസിസി അംഗം കൂടിയായ ബേബിച്ചന്‍ മുക്കാടന്‍ പ്രഖ്യാപിച്ചു.ജോസ് കെ മാണി മുന്നണി വിട്ടതോടെ കേരള കോണ്‍ഗ്രസ് ജില്ലയില്‍ ദുര്‍ബലമായെന്നാണ് കോണ്‍ഗ്രസിന്റെ വാദം. സി എഫ് 9 തവണ ജയിച്ച ചങ്ങനാശ്ശേരിയില്‍ ഉള്‍പ്പെടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടായതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. കേരള കോണ്‍ഗ്രസ് അവകാശം ഉന്നയിക്കുന്ന ഏറ്റുമാനൂര്‍ കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ സീറ്റുകളും വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. യുഡിഎഫിന്റെ കെട്ടുറപ്പിനെ തകര്‍ക്കുന്ന നടപടിയാണ് കോണ്‍ഗ്രസ് നേതാക്കളുടേതെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. സീറ്റുവിഭജനം പൂര്‍ത്തിയായാലും അണികള്‍ക്കിടയിലെ മുറുമുറുപ്പ് അവസാനിപ്പിച്ച് പ്രചാരണം മുന്നോട്ടുകൊണ്ടുപോകാന്‍ നേതൃത്വത്തിന് ഏറെ പരിശ്രമിക്കേണ്ടി വരും.