Thursday, May 9, 2024
keralaNews

കോട്ടയം ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നു വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയത്ത്‌ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ ആണ്. നെടുംകുന്നം നെടുമണിയില്‍ തോട് കര കവിഞ്ഞൊഴുകി. പാലം മുങ്ങി ഗതാഗതം തടസപ്പെട്ടു. നെടുംകുന്നം പഞ്ചായത്തിലെ നെടുമണി പാലമാണ് മുങ്ങിയത്. തോട് വഴി മാറി ഒഴുകി. കറുകച്ചാല്‍ മണിമല റൂട്ടില്‍ വെള്ളം കയറി ഗതാഗത തടസം ഉണ്ടായി. 2018ലെ പ്രളയത്തില്‍ പോലും വെള്ളം കയറാത്ത സ്ഥലങ്ങളാണിത്.പാമ്പാടിയില്‍ കുറ്റിക്കല്‍ തോട് കവിഞ്ഞു. നാലു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. പാമ്പാടി കാളച്ചന്ത ഭാഗത്തെ വീടുകളിലും ഒറവയ്ക്കല്‍ കൂരാലി റോഡ് – അരീപ്പറമ്പ് ഭാഗത്തും വെള്ളം കയറി.

ജില്ലയില്‍ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ ഒന്നു വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും ശക്തമായ മഴയില്‍ വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കണം.
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.