Sunday, April 28, 2024
indiakeralaNews

വരുണ്‍ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരം

കോയമ്പത്തൂര്‍: ഹെലികോപ്ടര്‍ ദുരന്തത്തില്‍ രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിംഗ് സ്റ്റാഫാണ് വരുണ്‍ സിംഗ്. സുലൂരിലെ വ്യോമതാവളത്തില്‍ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫന്‍സ് സര്‍വ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. വരുണ്‍ സിംഗിന്റെ ചികിത്സയ്ക്ക് വേണ്ടി കോയമ്പത്തൂര്‍ നിന്നും വിദഗ്ധ സംഘം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സൈനിക ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യം വരാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടാണിത്. വരുണ്‍ സിംഗിന്റെ ജീവന് വേണ്ടി രാജ്യം ഒന്നാകെ പ്രാര്‍ത്ഥനയിലാണ്.രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ച ധീര സൈനികനാണ് വരുണ്‍ സിംഗ്. 2020ലാണ് വരുണ്‍ സിംഗിന് ശൗര്യചക്ര ബഹുമതി ലഭിച്ചത്. അടിയന്തര സാഹചര്യത്തില്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ആയിരുന്നു അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി ലഭിച്ചത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിട്ടും അദ്ദേഹം സ്വന്തം ജീവന് പോലും വില കല്‍പ്പിക്കാതെ വിമാനം സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.