Saturday, May 4, 2024
keralaNews

വടക്കന്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍

കണ്ണൂര്‍ : സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളായ കണ്ണൂരിലും കോഴിക്കോടും വിവിധ ഇടങ്ങളില്‍ മലവെള്ളപ്പാച്ചില്‍. രണ്ട് ജില്ലകളിലും ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരില്‍ നെടുമ്പോയില്‍ ചുരത്തിലെ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്.                                                                                                       കോഴിക്കോട് വിലങ്ങാട് മേഖലയിലും ഉരുള്‍പൊട്ടിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. പാനോം വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായോ എന്ന് സംശയിക്കുന്നത്. ഇതിന് പുറമെ വാണിമേല്‍ പുഴയിലും മലവെള്ളപ്പാച്ചില്‍ ശക്തമാണ്.                                                      വിലങ്ങാട് ടൗണില്‍ പലയിടത്തും വെള്ളം കയറി. നിലവല്‍ പേര്യ വനത്തില്‍ നിന്ന് മലവെള്ളം ഒഴുകിയെത്തുകയാണ്.പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചാല്‍ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകും.                                         മലപ്പുറം കരുവാരക്കുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായി. കേരളാംകുണ്ട്,കല്‍ക്കുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചില്‍. അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.