Saturday, May 11, 2024
indiaNewspolitics

വകുപ്പില്ല ‘മന്ത്രി’ സെന്തില്‍ ബാലാജി രാജിവച്ചു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ – ജോലിക്ക് കോഴ കേസുകളിലായി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിലായ തമിഴ്‌നാട് വകുപ്പില്ലാ ‘മന്ത്രി’ സെന്തില്‍ ബാലാജി രാജിവച്ചു. ചെന്നൈ ജയിലില്‍ കഴിയുമ്പോള്‍ ആണ് രാജി പ്രഖ്യാപനം. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലായ മന്ത്രി രാത്രി പത്ത് മണിയോടെയാണ് സെന്തില്‍ ബാലാജി മന്ത്രിസ്ഥാനം രാജി വച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അറസ്റ്റിലായത് മുതല്‍ തമിഴ്‌നാട്ടിലെ വകുപ്പില്ല മന്ത്രിയായി തുടര്‍ന്ന സെന്തില്‍ ബാലാജി 9 മാസങ്ങള്‍ക്കിപ്പുറമാണ് രാജി വച്ചത്. തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് ബാലാജി രാജിവയ്ക്കാന്‍ തീരുമാനിച്ചത്. 2023 ജൂണ്‍ മാസത്തിലാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ വകുപ്പുകള്‍ എടുത്തുകളെഞ്ഞെങ്കിലും മന്ത്രിസ്ഥാനത്ത് അദ്ദേഹം തുടരുകയായിരുന്നു.

ഏറക്കുറെ 9 മാസത്തോളം വകുപ്പില്ല മന്ത്രിയായി തുടര്‍ന്ന ശേഷമാണ് ബാലാജി ഇപ്പോള്‍ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മന്ത്രി എന്ന സ്വാധീനം ഉപയോഗിക്കും എന്ന കാരണത്താല്‍ ബാലാജിക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപെടുകയായിരുന്നു. അടുത്ത ദിവസം ഹൈക്കോടതി വീണ്ടും ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെ ആണ് ബാലാജി രാജി പ്രഖ്യാപനം നടത്തിയത്. എക്‌സൈസ് – വൈദ്യുതി മന്ത്രി ആയിരിക്കെയാണ് 2023 ജൂണ്‍ മാസം ബാലാജി അറസ്റ്റില്‍ ആയത്.

നിലവില്‍ ചെന്നൈയിലെ പുഴല്‍ ജയിലില്‍ ആണ് ബാലാജിയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിലായ ശേഷവും ബാലാജി വകുപ്പില്ലാ മന്ത്രി ആയി തുടരുന്നതിനെ കോടതികള്‍ വിമര്‍ശിച്ചിരുന്നു. ജാമ്യം നിഷേധിക്കുന്നതിനും ഇതായിരുന്നു പ്രധാന കാരണം. ജാമ്യത്തിന് മറ്റ് വഴികളില്ലാതായതോടെയാണ് ബാലാജി രാജി വച്ചത്.