Friday, May 17, 2024
indiakeralaNews

ആലത്തൂരില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

മുംബൈ: ആലത്തൂരില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ ആണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയെ ആലത്തൂരിലെത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് കുട്ടിയെ കാണാതായത്. സൂര്യ ഗോവയിലും മുംബൈയിലും എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

സ്വന്തം മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് ഇതൊന്നും എടുക്കാതെയാണ് സൂര്യ നാടുവിട്ടത്. രണ്ട് ജോടി വസ്ത്രം മാത്രമാണ് ഇവര്‍ അധികമായി വീട്ടില്‍ നിന്നും എടുത്തത്. ആലത്തൂരിലെ ബുക് സ്റ്റാളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സൂര്യ വീട് വിട്ട് ഇറങ്ങിയത്. ആലത്തൂരിലെ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരനായ അച്ഛനോടും ഇവിടേക്ക് വരാന്‍ സൂര്യ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ ഏറെ നേരം കാത്തു നിന്നിട്ടും മകള്‍ എത്തിയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.