Saturday, May 4, 2024
keralaNews

റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.

സംസ്ഥാനത്ത് റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.സംസ്ഥാനത്തൊട്ടാകെയുള്ള 64 റേഷന്‍ കടകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.കോട്ടയം, എറണാകുളം ജില്ലകളില്‍ 6 വീതവും പത്തനംതിട്ട, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 5 വീതവും ഇടുക്കി, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 4 വീതവും ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളില്‍ 3 വീതവും തിരുവനന്തപുരം ജില്ലയില്‍ 10 കാസര്‍കോട് ജില്ലയില്‍ രണ്ടു റേഷന്‍ കടകളിലുമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.ഉപഭോക്താക്കള്‍ വാങ്ങാത്ത റേഷന്‍ സാധനങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയ ശേഷം റേഷന്‍ കട ഉടമകള്‍ കൂടുതല്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുന്നതായും ചില റേഷന്‍ കടയുടമകള്‍ ബില്ലില്‍ രേഖപ്പെടുത്തുന്ന അളവില്‍ സാധനങ്ങള്‍ തൂക്കി നല്‍കുന്നില്ലെന്നും കണ്ടെത്തി. പരിശോധന നടത്തിയ മിക്കവാറും റേഷന്‍ കടകളിലെ സ്റ്റോക്കും യഥാര്‍ഥ സ്റ്റോക്കും തമ്മില്‍ വളരെയധികം വ്യത്യാസമുള്ളതായും ചില സ്ഥലങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവരെ കൂടിയ തുകയ്ക്ക് റേഷന്‍ സാധനങ്ങള്‍ മറിച്ചു വില്‍ക്കുന്നതായും കണ്ടെത്തി.കോട്ടയം ജില്ലയിലെ നെടുങ്കുന്നത് കടത്തിക്കൊണ്ടു പോകുന്നതിനായി റേഷന്‍ കടയ്ക്ക് പുറത്തു തയാറാക്കിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും 4 ചാക്ക് റേഷനരി വിജിലന്‍സ് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത് നഗറിലുള്ള റേഷന്‍ കടയില്‍നിന്നും കാര്‍ഡില്ലാത്ത അന്യസംസ്ഥാന തൊഴിലാളിക്ക് 20 കിലോ ചമ്പാവരി കൂടിയ വിലയ്ക്കു വിറ്റത് വിജിലന്‍സ് പിടികൂടി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച്.വെങ്കടേഷ്, ഇന്റലിജന്‍സ് വിഭാഗം പൊലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്‍, ഡിവൈഎസ്പി സി.വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ വിജിലന്‍സിന്റെ എല്ലാ പൊലീസ് സൂപ്രണ്ടുമാരും എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുത്തു.