Friday, May 3, 2024
keralaNews

റാന്നി പുതിയ പാലത്തിന്റെ നിര്‍മാണ ചുമതല കിഫ്ബി പൂര്‍ണമായും ഏറ്റെടുത്തു.

റാന്നി പുതിയ പാലത്തിന്റെ നിര്‍മാണ ചുമതല കിഫ്ബി പൂര്‍ണമായും ഏറ്റെടുത്തതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പൊതു മരാമത്ത് വകുപ്പ് പാലം വിഭാഗത്തിനായിരുന്നു പാലത്തിന്റെ നിര്‍മാണ ചുമതല.എന്നാല്‍, അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാനുണ്ടായ കാലതാമസം നിര്‍മാണം വൈകിപ്പിച്ചു. ഇപ്പോള്‍, പാലത്തിന്റെ നിര്‍മാണം ഏതാണ്ട് നിലച്ച അവസ്ഥയാണ്. ഇക്കാര്യം എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും കിഫ്ബിയെ കൊണ്ടു പാലത്തിന്റെ നിര്‍മാണം നേരിട്ട് നടത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പമ്പാ നദിക്ക് കുറുകെയുള്ള വലിയ പാലത്തിന് സമാന്തരമായി പെരുമ്പുഴ ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിര്‍മിക്കാന്‍ കിഫ്ബി വഴി ഫണ്ട് അനുവദിച്ചത്. 26 കോടി രൂപ വകയിരുത്തിയ പാലത്തിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു. റാന്നി കരയിലെ രാമപുരം ബ്ലോക്ക് പടി റോഡ് ഏറ്റെടുത്ത് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചാണ് അപ്രോച്ച് റോഡ് വിഭാവനം ചെയ്തത്. ഇതോടെ റാന്നി ബ്ലോക്കു പടി മുതല്‍ ഇട്ടിയപ്പാറ മിനര്‍വ പടി വരെ സംസ്ഥാന പാതയ്ക്ക് സമാന്തര പാത വരും.ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ ടൗണുകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പാലത്തിന്റെ ഇരുകരകളിലേയും നദിയിലേയും തൂണുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. സ്ഥലം ഏറ്റെടുക്കല്‍ നടപടി വേഗതയിലാക്കി പാലം നിര്‍മാണം എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ ഉറപ്പു നല്‍കി.