Monday, May 6, 2024
keralaNews

റാന്നിയില്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും മോഷ്ടിച്ച പണവുമായി ബിവറേജസില്‍ മദ്യം വാങ്ങാനെത്തിയ രണ്ട് പേര്‍ പിടിയില്‍.

ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും മോഷ്ടിച്ച പണവുമായി ബിവറേജസില്‍ മദ്യം വാങ്ങാനെത്തിയ രണ്ട് പേര്‍ പിടിയില്‍. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. തേക്കുതോട് സ്വദേശി സനീഷ്, തോമസ് എന്നിവരാണ് പിടിയിലായത്. ബീവറേജസ് ഔട്ട്ലെറ്റിലെ സിസിടിവിയില്‍ കുരുങ്ങിയ പ്രതികളെ പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.രണ്ട് ദിവസം മുന്‍പാണ് റാന്നി പരുത്തിക്കാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ പത്ത് രൂപ നോട്ടുകളുമായി പ്രതികള്‍ മദ്യം വാങ്ങാന്‍ എത്തിയതോടെയാണ് ബിവറേജസിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്.രാത്രിയില്‍ ഇരുവരും ചേര്‍ന്നാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത് എന്ന് പോലീസ് പറയുന്നു. ശേഷം തൊട്ടടുത്തുള്ള പളളിയിലും മോഷണത്തിന് ശ്രമിച്ചു. എന്നാല്‍ ആളുകള്‍ ഇത് കണ്ട് ബഹളം വെച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.പിറ്റേന്ന് മോഷ്ടിച്ച പണവുമായാണ് ഇവര്‍ ബിവറേജസില്‍ മദ്യം വാങ്ങാന്‍ പോയത്. ഇവരുടെ കയ്യിലുള്ളത് എല്ലാ പത്ത് രൂപ നോട്ടുകളായിരുന്നു. ഇത് കണ്ടതോടെ സംശയം തോന്നിയ ബിറേജസ് ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ബിവറേജസിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പന്ത്രണ്ട് മണിക്കൂറില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.കാണിക്ക തുറക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പണവും പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സനീഷ് ഒരു കൊലപാതക കേസിലും നിരവധി മോഷണ കേസിലും പ്രതിയാണ്.