Sunday, April 28, 2024
indiaNewspolitics

രാഷ്ട്രപതിയെ അപമാനിച്ച സംഭവം; ആധിര്‍ രഞ്ജന്‍ ചൗധരിയ്ക്കെതിരെ കേസ്

ഭോപ്പാല്‍: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയ്ക്കെതിരെ പോലീസ് കേസ്. മദ്ധ്യപ്രദേശിലാണ് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി.

രാഷ്ട്രപതിയെ കോണ്‍ഗ്രസ് നേതാവ് പരസ്യമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ആധിര്‍ രഞ്ജന്‍ ചൗധരിയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 ബി, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി.

പരാമര്‍ശത്തില്‍ ആധിര്‍ രഞ്ജന്‍ ചൗധരിയ്ക്കെതിരെ വനിതാ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മദ്ധ്യപ്രദേശിലും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയ്ക്കെതിരായ പ്രസ്താവന ലിംഗവിവേചനപരവും അപകീര്‍ത്തികരവുമാണെന്ന് വനിതാ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. സംഭവത്തില്‍ ഓഗസ്റ്റ് മൂന്നിന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.