Friday, May 3, 2024
indiakeralaNewspolitics

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല: പുതിയ നിയമ ഭേദഗതിക്കൊരുങ്ങി ലക്ഷദ്വീപ് ഭരണകൂടം

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് മത്സരത്തിന് അയോഗ്യത നിബന്ധനയുമായി ലക്ഷദ്വീപ് ഭരണക്കൂടം പഞ്ചായത്ത് നിയമ ഭേദഗതിക്കൊരുങ്ങുന്നു. 2021 ലക്ഷദ്വീപ് പഞ്ചായത്ത് നിയമ ഭേദഗതിയിലാണ് പുതിയ നിര്‍ദേശവുമായി നിബന്ധന ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദ്വീപ് സമൂഹത്തിലെ പത്ത് ദ്വീപുകളിലായുള്ള പത്ത് ഗ്രാമ പഞ്ചായത്തുകളിലായി 79 അംഗങ്ങളാണുള്ളത്.2019 ലെ കണക്കില്‍ 66,000 മാണ് ലക്ഷദ്വീപ് ജനസംഖ്യ. 94ല്‍ ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പിട്ട ഉത്തരവ് പ്രകാരം 1995ല്‍ നിലവില്‍ വന്ന പഞ്ചായത്ത് ഭരണകൂടങ്ങളാണ് ദ്വീപ് വികസന പദ്ധതികളും ബജറ്റുമൊരുക്കുന്നത്. 2017 ലാണ് ദ്വീപില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ദ്വീപിലെ ഗ്രാമ- ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതാ നിര്‍ദേശത്തിനെതിരെ ചില രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.എന്നാല്‍ പുതി യ നിര്‍ദേശത്തെ കുറിച്ച് മാര്‍ച്ച് 28നകം ജനാഭിപ്രായം സ്വരൂപിക്കാനും ദ്വീപ് ഭരണകൂടം തയാറായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഭേദഗതി 2021 വേളയില്‍ രണ്ടില്‍ കൂടുതല്‍ കൂട്ടികളുള്ളവര്‍ക്ക് പുതിയനിബന്ധനകള്‍ ഇളവു നല്കിയിട്ടുണ്ടെങ്കിലും ഇനിയവര്‍ക്ക് കൂട്ടികളുണ്ടായാല്‍ അവര്‍ അയോഗ്യരാക്കപ്പെടും. കൂടാതെ ഒറ്റ പ്രസവത്തില്‍ ഇരട്ട കുട്ടികളുണ്ടായാലും ഇളവുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഭേദഗതി ദ്വീപിലെ രാഷ്ട്രീയ കക്ഷികളിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.