Saturday, May 11, 2024
indiaNewsworld

യോഗ ദിനം : ആശയം ഏറ്റെടുത്ത രാഷ്ട്രങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാന്‍ ഒരിക്കല്‍ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗാ ദിനാചരണത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎന്‍ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് യുഎന്‍ ആസ്ഥാനത്ത് ചടങ്ങുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയത്. ന്യൂയോര്‍ക് മേയറും, യുഎന്‍ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎന്‍ ആസ്ഥാനത്തിന് മുന്നിലെത്തിയത്. യോഗാ ദിനാഘോഷത്തിനായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തിയ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒന്‍പത് വര്‍ഷം മുന്‍പ് താന്‍ ഈ നിര്‍ദ്ദേശം ആദ്യമായി മുന്നോട്ട് വെച്ച ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിന് പിന്തുണ ലഭിച്ചു. 2020 ല്‍ താന്‍ യുഎന്നിന്റെ ആസ്ഥാനത്ത് പുതിയ മെമോറിയല്‍ സ്ഥാപിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു.അതും യാഥാര്‍ത്ഥ്യമായി. എല്ലാ രാജ്യങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഈ കാര്യത്തില്‍ ലഭിച്ചത്. അതിന് നന്ദി പറയുന്നു. നല്ല ആരോഗ്യം മാത്രമല്ല നമ്മളോടും മറ്റുള്ളവരോടും അനുകമ്പയുള്ള മനസുണ്ടാകാനും യോഗയിലൂടെ സാധിക്കുന്നുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് യോഗ. യോഗയ്ക്ക് കോപ്പിറൈറ്റോ പേറ്റന്റോ റോയല്‍റ്റിയോ ഒന്നുമില്ല. ഏത് പ്രായക്കാര്‍ക്കും യോഗ പരിശീലിക്കാം. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതാക്കാന്‍ യോഗയിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.                                                                                                 യോഗാ ദിനം കേന്ദ്ര സര്‍ക്കാര്‍ വിപുലമായി ആഘോഷിച്ചു.

ഒന്‍പതാം വര്‍ഷവും രാജ്യ വ്യാപകമായി യോഗാ ദിനം കേന്ദ്ര സര്‍ക്കാര്‍ വിപുലമായി ആഘോഷിച്ചു. എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയാണ് യോഗയെന്നും, വെല്ലുവിളികള്‍ യോഗയിലൂടെ മറികടക്കാമെന്നും യോഗദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന യോഗാദിനാഘോഷങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്തു. വസുധൈവ കുടുംബകമെന്ന സന്ദേശമുയര്‍ത്തി രാജ്യമെങ്ങും ആഘോഷപരിപാടികള്‍ നടത്തി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു യോഗാദിനാഘോഷത്തില്‍ പങ്കെടുത്തു. യോഗ ഇന്ത്യ ലോകത്തിന് നല്‍കിയ അമൂല്യ സമ്മാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ 15000 പേര്‍ പങ്കെടുത്ത യോഗാദിനാഘോഷ ചടങ്ങിലാണ് ഉപരാഷ്ട്രപതി മുഖ്യാതിഥിയായത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചി നാവിക ആസ്ഥാനത്ത് ഐഎന്‍എസ് വിക്രാന്തില്‍ നടന്ന യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കി. അഗ്‌നിവീറുകളുടെ ആദ്യബാച്ചും യോഗയില്‍ പങ്കാളികളായി.                                                                                                                                     സമുദ്ര വലയമെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക സേനയുടെ വിവിധ കപ്പലുകളിലും യോഗാഭ്യാസം നടന്നു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റില്‍ യോഗാദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു. ദില്ലി എയിംസില്‍ നടന്ന യോഗാദിനാഘോഷ ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി യോഗക്ക് നേതൃത്വം നല്‍കി. യോഗ ഇന്ത്യയുടെ സോഫ്റ്റ് പവറാണെന്ന് മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തീവണ്ടി ദുരന്തമുണ്ടായ ഒഡീഷ ബാലസോറിലെ യോഗാദിനാഘോഷ ചടങ്ങിന് നേതൃത്വം നല്‍കി.                                                   മന്ത്രിമാരായ പീയൂഷ് ഗോയല്‍ അസമിലും സ്മൃതി ഇറാനി നോയിഡയിലും അനുരാഗ് താക്കൂര്‍ ഹിമാചല്‍ പ്രദേശിലും യോഗാദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു. ലഡാക്കില്‍ കരസേനയും യോഗ ദിനം ആചരിച്ചു.