Friday, May 3, 2024
keralaNews

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

സര്‍വകലാശാല നിയമന വിവാദത്തില്‍ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയുടെ ബോര്‍ഡിനു മുകളില്‍ കമ്മ്യൂണിസ്റ്റ് പാഠശാല എന്ന ബാനര്‍ കെട്ടിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. വി സി നിയമനത്തില്‍ മന്ത്രി അനധികൃത ഇടപെടല്‍ നടത്തിയെന്നതിന് തെളിവാണ് കത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കള്‍. രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മന്ത്രി സ്വജനപക്ഷ പാതം കാണിച്ചുവെന്നാണ് പരാതി.കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് കെ എസ് യുവും രംഗത്തെത്തിയിരുന്നു.