Sunday, April 28, 2024
keralaNewsObituary

യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തിരുവനന്തപുരം: കല്ലമ്പലത്ത് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് . ചിറ്റായിക്കോട് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനില്‍ എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് രാജുവിനെ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങി മരണമെന്ന് ആദ്യം സംശയിച്ച കേസില്‍ സുനിലിന്റെ മൊഴിയിലെ വൈരുധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബന്ധുക്കള്‍ ദുരൂഹത സംശയിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. രാജുവിന്റെ നാലു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവരില്‍ കല്ലമ്പലം സ്വദേശിയായ സുനിലിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നു കണ്ടെത്തിയതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ രാജുവിനെ കുളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുനില്‍ സമ്മതിച്ചു.  മദ്യത്തെ ചൊല്ലി തന്നെയായിരുന്നു തര്‍ക്കം. സുനിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുംഅന്വേഷിച്ചു വരികയാണ്.