Thursday, May 9, 2024
keralaNewsObituary

യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടിലെ മാനസിക പീഡനം

പാലക്കാട്: മാങ്കുറുശ്ശി കക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്ലയാണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമെന്നാരോപിച്ച് നഫ്ലയുടെ സഹോദരന്‍ നഫ്സല്‍ രംഗത്തെത്തി. സംഭവസമയത്ത് നഫ്ലയുടെ ഭര്‍ത്താവ് മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ വീട്ടിലെത്തി പല തവണ നഫ്ലയെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് കിടപ്പ് മുറിയിലെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നഫ്ലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കലും നഫ്ലയുടെ ജീവന്‍ രക്ഷിക്കാനായില്ല.

നഫ്ലയുടെ ആത്മഹത്യയില്‍ സഹോദരന്‍ നഫ്സലിന്റെ മൊഴിയില്‍ ആസ്വാഭാവിക മരണത്തിന് മങ്കര പോലീസ് കേസെടുത്തു. സംഭവ ദിവസം വൈകിട്ട് നഫ്ല ഫോണില്‍ വിളിച്ചതായി നഫ്സല്‍ പറഞ്ഞു. യുവതിയുടെ ഡയറി പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവ് ഒഴികെയുള്ളവര്‍ മാനസികമായി നഫ്ലയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് സഹോദരന്‍ നല്‍കിയ മൊഴി. ഇവരുടെ വിവാഹം കഴിഞ്ഞ് പത്ത് മാസം ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ടാണ് നഫ്ലയെ മാനസികമായി പീഡിപ്പിച്ചത്. ഗര്‍ഭധാരണത്തിനുള്ള ചികിത്സക്കിടയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.