Thursday, May 16, 2024
Newsworld

പെഴ്‌സിവീയറന്‍സ് ഇന്ന് രാത്രി ചൊവ്വ തൊടും: ജീവന്‍ നിലനിന്നിരുന്നോ?; ശ്വാസമടക്കി ശാസ്ത്രലോകം

ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് ലോകം. ഇന്നു രാത്രി രണ്ടരയോടെ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങുകയാണ് നാസയുടെ വമ്പന്‍ ദൗത്യം പെഴ്‌സിവീയറന്‍സ്. റോവറും ചൊവ്വയുടെ ആകാശത്ത് ആദ്യമായി പറത്താന്‍ ഉദ്ദേശിച്ചുള്ള ഹെലികോപ്റ്ററും അടങ്ങിയ പെഴ്‌സിവീയറന്‍സ് ഇക്കാരണങ്ങളാല്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നു അറ്റ്‌ലസ് 5 റോക്കറ്റിലാണ് പെഴ്‌സിവീയറന്‍സ് ഭൂമിയില്‍ നിന്നു യാത്ര തിരിച്ചത്. തുടര്‍ന്ന് 6 മാസങ്ങള്‍ക്കു ശേഷം ചൊവ്വയ്ക്കരികിലെത്തി.

ജെസീറോയിലെ ജീവന്‍

ചൊവ്വയുടെ വടക്കന്‍ മേഖലയിലുള്ള ജെസീറോ ക്രേറ്ററിലാണ് പെഴ്‌സിവീയറന്‍സ് പറന്നിറങ്ങുന്നത്. ഗ്രഹത്തില്‍ ചരിത്രാതീത കാലത്ത് ജീവന്‍ നിലനിന്നിരുന്നോ എന്നാണ് ദൗത്യം പ്രധാനമായി അന്വേഷിക്കുക. 350 കോടി വര്‍ഷം മുന്‍പ് ജലം നിറഞ്ഞ നദികളും തടാകവും ജെസീറോയില്‍ ഉണ്ടായിരുന്നതിനാല്‍ ഇവിടെ ജീവന്റെ തെളിവുകളുണ്ടാകാന്‍ സാധ്യതയേറെയാണ്. പരീക്ഷണങ്ങള്‍ നടത്താന്‍ 7 ഉപകരണങ്ങള്‍ പെഴ്‌സിവീയറന്‍സിലുണ്ട്. 23 ക്യാമറകള്‍, 2 മൈക്രോഫോണുകള്‍ എന്നിവ വേറെ.

ഭീകരതയുടെ 7 മിനിറ്റുകള്‍

ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതു മുതല്‍ ഉപരിതലം തൊടുന്നതു വരെയുള്ള ഘട്ടം കഠിനവും നിര്‍ണായകവുമാണ്. സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് വില്ലന്‍. മണിക്കൂറില്‍ 19,800 കിലോമീറ്റര്‍ വേഗത്തില്‍ ഉപരിതലത്തിലേക്ക് ഊളിയിടുന്ന പെഴ്‌സിവീയറന്‍സ് പാരഷൂട്ടുകളുടെയും മറ്റു സംവിധാനങ്ങളുടെയും സഹായത്തോടെ വേഗം നിയന്ത്രിച്ച ശേഷമാവും തറ തൊടുന്നത്. പെഴ്‌സിവീയറന്‍സിലെ ക്യാമറകളും മൈക്രോഫോണുകളും ഈ ഘട്ടത്തിലെ ദൃശ്യങ്ങളും ശബ്ദവും പിടിച്ചെടുക്കും. ഇവ നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ലൈവായി കാണാം.

ഇന്‍ജെന്യൂയിറ്റി

ചൊവ്വയുടെ അന്തരീക്ഷത്തില്‍ പറക്കാന്‍ ഇന്‍ജെന്യൂയിറ്റി കോപ്റ്റര്‍ ശ്രമിക്കും. അനുകൂലമായ സമയത്ത് ദൗത്യം ഇതിനെ പുറത്തിറക്കും. ചൊവ്വയിലെ ആകാശത്തു പറക്കുന്ന ആദ്യ മനുഷ്യനിര്‍മിത വസ്തുവാകും ഇത്.

ചൊവ്വയിലെ റോവറുകള്‍

1997 ല്‍ ചൊവ്വയിലെത്തിയ സോജണറാണ് ഗ്രഹത്തിലെ ആദ്യ റോവര്‍. പിന്നീട് സ്പിരിറ്റ്, ഓപര്‍ച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നിവയുമെത്തി.

‘ആറ്റിറ്റിയൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍’ എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്‌സിവീയറന്‍സിനെ ചൊവ്വയില്‍ കൃത്യ സ്ഥലത്ത് ഇറക്കുന്നതില്‍ നിര്‍ണായകമാകുക. ഇതു വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം കൊടുത്ത ഡോ. സ്വാതി മോഹന്‍ ഇന്ത്യന്‍ വംശജയാണ്. കര്‍ണാടകയില്‍ നിന്നുള്ള സ്വാതി 1 വയസ്സുള്ളപ്പോഴാണ് യുഎസിലെത്തിയത്. നിലവില്‍ പെഴ്‌സിവീയറന്‍സ് പദ്ധതിയുടെ ഗൈഡന്‍സ്, കണ്‍ട്രോള്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവിയാണ്.