Friday, May 3, 2024
indiaNewsworld

യുക്രെയ്‌നില്‍ നിന്ന് വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍  ഇന്ത്യയുടെ സഹായം തേടി:നേപ്പാള്‍

ന്യൂഡല്‍ഹി :യുക്രെയ്‌നില്‍നിന്ന് വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍ നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടി. സഹായിക്കാമെന്ന് ഇന്ത്യ മറുപടി നല്‍കിയതായാണ് വിവരം. മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ വിദ്യാര്‍ഥികളെയും യുക്രെയ്‌നില്‍നിന്ന് ഒഴിപ്പിക്കാന്‍ ഇന്ത്യ സഹായിക്കാമെന്ന് ഫെബ്രുവരി 28ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അറിയിച്ചിരുന്നു.

യുക്രെയ്ന്‍ അതിര്‍ത്തി കടക്കാന്‍ ഇന്ത്യയുടെ ദേശീയ പതാക രക്ഷാകവചമായി പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് നേപ്പാളും ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. ഇന്ത്യയുടെ ദേശീയപതാകയുമായി യാത്ര ചെയ്തതു കൊണ്ട് പ്രശ്‌നങ്ങളില്ലാതെ അതിര്‍ത്തി കടക്കാനായെന്നും ചില പാക്കിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളും സുരക്ഷയ്ക്കായി ത്രിവര്‍ണപതാക കയ്യിലേന്തിയെന്നും യുക്രെയ്‌നില്‍ നിന്ന് റുമാനിയയിലേക്കു രക്ഷപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ഒഡേസയില്‍ നിന്നു ബസിലായിരുന്നു യാത്ര. ബസിലും ദേശീയപതാക പ്രദര്‍ശിപ്പിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.