Friday, May 10, 2024
keralaNews

യാഗഭൂമിയായി അനന്തപുരി 

തിരുവന്തപുരം: ദേവീ ശരണമന്ത്രങ്ങളാല്‍ മുഖരിതമായിരിക്കുകയാണ് അനന്തപുരി. യജ്ഞശാലയില്‍ അഗ്‌നി പകര്‍ന്ന് അനന്തപുരി യാഗശാലയായി മാറി. ആറ്റുകാലമ്മയ്ക്ക് നിവേദിക്കാനുള്ള പൊങ്കാല ഇട്ട് ലക്ഷക്കണക്കിന് വനിത ഭക്തരാണ് ആറ്റുകാല്‍ എത്തിയത് . രാവിലെ 10ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുകയും – പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ട് അവസാനിക്കുന്നതോടെ പൊങ്കാല ചടങ്ങുകളിലേക്ക് കടക്കും.

10. 30 ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്നു. ക്ഷേത്രം മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് ദീപം കൈമാറി. തുടര്‍ന്ന് അദ്ദേഹം പണ്ടാരയടുപ്പില്‍ തീ പകര്‍ന്നു. ശേഷം അതേ ദീപം സഹമേല്‍ശാന്തിമാര്‍ക്ക് ദീപം കൈമാറി. തുടര്‍ന്ന് ക്ഷേത്ര തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തും തയ്യാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പുകളിലും തീ പകര്‍ന്നു.

തുടര്‍ന്ന് ഈ ദീപമാണ് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭക്തര്‍ക്ക് പകര്‍ന്ന് നല്‍കിയത്. പൊങ്കാല അര്‍പ്പിച്ച് ആറ്റുകാലമ്മയെ ദര്‍ശിക്കാനായി സിനിമ – സീരിയല്‍ താരങ്ങളടക്കം ജനലക്ഷങ്ങളാണ് എത്തിയിരിക്കുന്നത്. അല്പ സമയത്തിനകം പൊങ്കാല സമര്‍പ്പണവും നടക്കും. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. 26-ന് രാത്രി 12.30-ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി മഹോത്സവം സമാപിക്കും.