Monday, April 29, 2024
indiaNews

യമുനയിലെ ജലനിരപ്പ് ഉയര്‍ന്നു തന്നെ; സെക്രട്ടേറിയറ്റിലും വെള്ളംകയറി

ന്യൂഡല്‍ഹി യമുന കരകവിഞ്ഞതോടെ ചെങ്കോട്ട അടച്ചു. മറ്റന്നാള്‍ വരെ സന്ദര്‍ശനം അനുവദിക്കില്ലെന്ന് എഎസ്ഐ അറിയിച്ചു. യമുനയിലെ ജലനിരപ്പ് അപകട രേഖയും കഴിഞ്ഞു 208.62 മീറ്ററായി ഉയര്‍ന്നപ്പോള്‍ പ്രശ്നബാധിത മേഖലകളില്‍നിന്നു കൂട്ടത്തോടെ ആളുകളെ ഒഴിപ്പിച്ചു. നിലവില്‍ അപകട രേഖയ്ക്കു മൂന്നു മീറ്റര്‍ ഉയരത്തിലാണു ജലനിരപ്പ്. പ്രതീക്ഷിച്ചതിലും 18 മണിക്കൂര്‍ നേരത്തെയാണ് കഴിഞ്ഞ ദിവസം യമുനയിലെ ജലനിരപ്പ് അപകട രേഖയ്ക്കു മുകളിലെത്തിയത്. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ വരെ വെള്ളം കയറി. മുഖ്യമന്ത്രി കേജ്രിവാളിന്റെ വീടിന്റെ ഏതാനും മീറ്റര്‍ അകലെ വെള്ളം എത്തിക്കഴിഞ്ഞു.ലെഫ്. ഗവര്‍ണര്‍ വി.കെ സക്സേനയുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. സ്‌കൂളുകളും കോളജുകളും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 16 വരെ അവധി പ്രഖ്യാപിച്ചു. അടിയന്തര സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യാമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി.ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ യമുനയുടെ തീരങ്ങളില്‍ പലയിടത്തായി വിന്യസിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. നഗരത്തിലെ വസീറാബാദ്, ചന്ദ്രവാള്‍, ഓഖ്ല ശുദ്ധജല സംസ്‌കരണ വിതരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ശുദ്ധജല വിതരണം തടസപ്പെടുമെന്ന ഭീതിയുമുണ്ട്. യമുന കരവിഞ്ഞതോടെ ഡല്‍ഹിയിലെ വിഐപി ഏരിയയായ സിവില്‍ ലൈന്‍സ് പൂര്‍ണമായും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടു കാരണം രാവിലെ മുതല്‍ നഗരത്തിലെ റോഡ്, മെട്രോ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി മെട്രോ ബ്ലൂ ലൈനില്‍ മയൂര്‍ വിഹാര്‍ ഭാഗത്തു നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി. അപ്രോച്ച് റോഡ് വെള്ളത്തിനടിയിലായതോടെ യമുന ബാങ്ക് മെട്രോ സ്റ്റേഷന്‍ അടച്ചു. മെട്രോ റെയില്‍ കടന്നു പോകുന്ന പാലങ്ങളില്‍ ട്രെയിനുകളുടെ വേഗത പാടേ കുറച്ചു. ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചു. നോര്‍ത്തേണ്‍ റെയില്‍വേയുടെ 250 ട്രെയ്നുകള്‍ റദ്ദാക്കി. ഒട്ടേറെ ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം അടച്ച പ്രഗതി മൈതാന്‍ ടണല്‍ ഗതാഗതത്തിനായി ഇന്നു തുറന്നു കൊടുത്തു.