Tuesday, May 14, 2024
keralaNews

ആളും ആരവവുമില്ലാത്ത തൃശൂര്‍ പൂരത്തിന് തുടക്കം…

പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ കഴിയാത്ത, ആളും ആരവവുമില്ലാത്ത തൃശൂര്‍ പൂരത്തിന് തുടക്കമായി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തി. ഇതോടെ ഘടകപൂരങ്ങള്‍ വടക്കുംനാഥന് മുന്നിലെത്തി. ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടകപൂരങ്ങള്‍ എത്തുന്നത്.തിരുവമ്പാടിയും എട്ടു ഘടക ക്ഷേത്രങ്ങളും ഒരാനപ്പുറത്താണ് എഴുന്നള്ളിപ്പ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് സാമൂഹിക നന്‍മയെ കരുതി ആഘോഷം ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ പാറമേക്കാവ് പതിനഞ്ചാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തും. പിന്നാലെ ഇലഞ്ഞിത്തറ മേളം നടക്കും. കുടമാറ്റം ഉണ്ടാകില്ല. പാറമേക്കാവ് പത്മനാഭന്‍ ഭഗവതിയുടെ തിടമ്പേറ്റും. തിരുവമ്പാടി ചന്ദ്രശേഖരന്‍ മഠത്തില്‍നിന്നുള്ള വരവിന് തിടമ്പേറ്റും. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രാമാണിത്വം വഹിക്കും. പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണിത്വം വഹിക്കും.കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഒരുദിവസം ആയിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. ക്ഷേത്രനടയില്‍ വിവാഹങ്ങള്‍ നടത്താന്‍ ശനിയാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ല. മുന്‍കൂട്ടി പണം അടച്ച് ബുക്ക് ചെയ്തിരുന്ന വിവാഹങ്ങള്‍ക്ക് ബുക്കിങ് തുക മടക്കി നല്‍കാനും ദേവസ്വം തീരുമാനിച്ചു. ആനക്കോട്ടയിലും സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.