Monday, May 6, 2024
indiaNews

സമൂഹ അടുക്കള ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി യോഗി ആദിത്യനാഥ്

ലോക്ഡൗണ്‍ മൂലം പട്ടിണിയുണ്ടാകരുത്

സംസ്ഥാനത്ത് സമൂഹ അടുക്കള ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കൊറോണ വൈറസ് വ്യാപനം പടരാതിരിക്കാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്റെ നിര്‍ദേശം.ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കുന്നതിനാണ് സമൂഹ അടുക്കള ആരംഭിക്കുന്നത്. കൂലിത്തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, റിക്ഷാ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായി ഭക്ഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് യോഗി ആദിത്യനാഥ് അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി കാര്‍ഷിക വികസന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി . സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് യോഗി സര്‍ക്കാരിന്റെ തീരുമാനം. മാസങ്ങളോളം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനും യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു .ഗുരുതരാവസ്ഥയിലായ കൊറോണ രോഗികള്‍ക്ക് സൗജന്യമായി റെംഡെസിവിര്‍ കുത്തിവയ്പ്പ് നല്‍കണമെന്ന് യുപി സര്‍ക്കാര്‍ സംസ്ഥാന, സ്വകാര്യ ആശുപത്രികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് .അടിയന്തിര പ്രതിസന്ധി ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകള്‍ക്കും 1,800 അധിക റെംഡെസിവിര്‍ മരുന്നുകള്‍ നല്‍കും. ആവശ്യക്കാര്‍ക്ക് മരുന്നിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും ഇത് വഴി സാധിക്കും .സംസ്ഥാനത്ത് റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ കരിഞ്ചന്ത തടയാനും യുപി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. അവശ്യ മരുന്നുകളുടെ അനധികൃത വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.