Saturday, May 4, 2024
keralaNews

മോഷണം; പാവപ്പെട്ടവര്‍ക്ക് സഹായം: ബിഹാര്‍ റോബിന്‍ ഹുഡ്

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിലെ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നിന്ന് ഒരുകോടിയോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി. വന്‍നഗരങ്ങളിലെ സമ്പന്നവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാര്‍ സ്വദേശിയും – സമ്പന്നരുടെ വീടുകളില്‍ മോഷ്ടിക്കുന്ന പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ‘ബിഹാര്‍ റോബിന്‍ഹുഡ്’ എന്നാണ് അറിയപ്പെടുന്ന  മുഹമ്മദ് ഇര്‍ഫാനെ(35)യാണ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ മോഷണത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട ഇര്‍ഫാനെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അതേദിവസം വൈകിട്ട് 5 മണിയോടെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.    മോഷണത്തിന് മാത്രമായി മുഹമ്മദ് ഇര്‍ഫാന്‍ കാറില്‍ കൊച്ചിയിലെത്തുകയായിരുന്നു. ബിഹാറിലെ സീതാമര്‍ഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷന്‍ എന്ന ബോര്‍ഡുവെച്ച കാറിലായിരുന്നു വന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രജിസ്ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞശേഷം നടത്തിയ അന്വേഷണത്തില്‍ ഉഡുപ്പിക്കടുത്ത് കോട്ട സ്റ്റേഷന്‍പരിധിയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. തടഞ്ഞുനിര്‍ത്തിയുള്ള പൊലീസ് പരിശോധനയിലാണ് മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്. മുഹമ്മദ് ഇര്‍ഫാന് ഉജാല എന്നും വിളിപ്പേരുണ്ടെന്ന് ദേശീയ മാധ്യമങ്ങളിലെ പഴയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഷ്ടിച്ച പണത്തില്‍ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമര്‍ഹി ജില്ലയില്‍പ്പെടുന്ന ജോഗിയ പഞ്ചായത്തിലെ 7 ഗ്രാമങ്ങളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മിച്ച് നല്‍കിയെന്നും മുമ്പ് മോഷണ കേസില്‍ അറസ്റ്റിലായപ്പോഴുള്ള ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് ചെയ്ത ഇര്‍ഫാനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു .

സംഭവം നടന്ന് പതിനഞ്ച് മണിക്കൂറിനകം തന്നെ കള്ളനെ പിടിക്കാനായത് പൊലീസിന്റെ വലിയ നേട്ടം തന്നെയാണ്. കൊച്ചി സിറ്റി പൊലീസിന്റെ സമയോചിതമായ പ്രവര്‍ത്തനങ്ങളാണ് പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. അതേസമയം കര്‍ണാടകയില്‍ നിന്ന് പ്രതിയെ പിടികൂടുന്നതിന് കര്‍ണാടക പൊലീസും തങ്ങളെ ഏറെ സഹായിച്ചുവെന്നാണ് കേരള പൊലീസ് പറയുന്നത്. രമണ്‍ ഗുപ്ത ഐപിഎസ് ആണ് കര്‍ണാകയിലെ കാര്യങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തതെന്നും അന്വേഷണം സംഘം പറയുന്നു. ബിഹാറിലെ സീതാമഢില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗുല്‍ഷന്‍ ആണ് ഇര്‍ഫാന്റെ ഭാര്യയെന്ന് പൊലീസ്. ആറോളം സംസ്ഥാനങ്ങളിലായി ഇര്‍ഷാദിനെതിരെ 19 കേസുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.