Tuesday, April 30, 2024
indiaNewsSports

മൊഹാലി ടെസ്റ്റില്‍ ഇന്ത്യ എട്ടിന് 574 ന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു

മൊഹാലി: ശ്രീലങ്കയ്ക്കെതിരെ ആദ്യത്തെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ടിന് 574 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 175 റണ്‍സുമായി പുറത്താവാതെ നിന്ന      രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അദ്ദേഹത്തോടൊപ്പം മുഹമ്മദ് ഷമിയും (19) പുറത്താവാതെ നിന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്‍സാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആര്‍ അശ്വിന്‍ (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുല്‍ഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി ഒരു നാഴികക്കല്ലും മറികടന്നു. ടെസ്റ്റ് മത്സരങ്ങളില്‍ 8000 റണ്‍സ് സ്വന്തമാക്കിയിരിക്കുകയാണ് കോലി. മൊഹിലിയില്‍ 228 പന്തുകളില്‍ നിന്നാണ് ജഡേജ 175 റണ്‍സെടുത്തത്. 17 ബൗണ്ടറിയും മൂന്ന് സിക്സും അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളില്‍ ജഡേജ പങ്കാളിയായി. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനുള്ള സമര്‍പ്പണം കൂടിയായിരുന്നു ജഡേജയുടെ സെഞ്ചുറി. പ്രഥമ ഐപിഎല്ലില്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സില്‍ അംഗമായിരുന്നു ജഡേജ. അശ്വിനൊപ്പം 130 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജഡ്ഡു പടുത്തുയര്‍ത്തിയത്. അശ്വിന്‍ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയാണ് 61 റണ്‍സെടുത്തത്. ഇന്ന് ഇന്ത്യക്ക് നഷ്ടമായ ആദ്യ വിക്കറ്റും അശ്വിന്റേതായിരുന്നു. സുരംഗ ലക്മലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിക്ക്വെല്ലയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അശ്വിന്‍. പിന്നാലെ ക്രീസിലെത്തിയ ജയന്ത് യാദവ് രണ്ട് റണ്‍സുമായി മടങ്ങി. എന്നാല്‍ ഷമിയെ കൂട്ടുപിടിച്ച് ജഡേജ ഇന്ത്യന്‍ സ്‌കോര്‍ 550 കടത്തി.

ടീമുകള്‍
ടീം ഇന്ത്യ: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ജയന്ത് യാദവ്.

ശ്രീലങ്ക: ദിമുത് കരുണാരത്‌നെ, ലാഹിരു തിരിമാനെ, പതും നിസ്സംഗ, ചരിത് അസലങ്ക, എയഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ഡെനിയ, ലാഹിരു കുമാര.