Tuesday, May 14, 2024
HealthkeralaNews

മൂന്നാം ഡോസായി നേസല്‍ വാക്‌സീന്‍; ട്രയലിന് അപേക്ഷ നല്‍കി

ന്യൂഡല്‍ഹി; ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ മൂന്നാംഘട്ട ട്രയലിന് അപേക്ഷ നല്‍കി. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ രണ്ടു ഡോസും എടുത്തവര്‍ക്കാണ് നേസല്‍ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത്. ആദ്യഘട്ട ട്രയലില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു കാര്യമായ വിപരീതഫലമില്ലെന്നാണു കമ്പനി അറിയിച്ചത്. എന്നാല്‍, ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് അനുവദിക്കൂ എന്നാണു കേന്ദ്ര നിലപാട്.അതേ സമയം, രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 171 ആയി. മഹാരാഷ്ട്ര (54), ഡല്‍ഹി (28), രാജസ്ഥാന്‍ (17), കര്‍ണാടക (19), തെലങ്കാന (20), ഗുജറാത്ത് (11), കേരളം (15), ബംഗാള്‍ (4) എന്നിവിടങ്ങളിലാണു കേസുകള്‍ കൂടുതല്‍. ഒമിക്രോണ്‍ തരംഗമുണ്ടായാല്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. വാക്‌സീന്‍ ഉല്‍പാദനം അടുത്ത രണ്ടു മാസം കൊണ്ട് പ്രതിമാസം 45 കോടി ഡോസായി വര്‍ധിപ്പിക്കാന്‍ കഴിയും. ഇതുവരെ 88% ആളുകള്‍ക്ക് ഒരു ഡോസ് വാക്‌സീനും 58% ആളുകള്‍ക്ക് രണ്ടു ഡോസ് വാക്‌സീനും നല്‍കി. കുട്ടികള്‍ക്ക് ഉടന്‍ വാക്‌സീന്‍ നല്‍കുമെന്നും ദേശീയ ഉപദേശക സമിതിയുടെ അനുമതി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞതായുള്ള വാര്‍ത്തകള്‍ ആരോഗ്യമന്ത്രാലയം നിഷേധിച്ചു.