Saturday, May 11, 2024
keralaNews

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ  ജലനിരപ്പ് 139.90 അടിക്കു മുകളിലെത്തി.  142 അടിയാണ് പരമാവധി സംഭരണ ശേഷി. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. സെക്കന്റില്‍ 2050 ഘനയടി വെള്ള ഒഴുകിയെത്തുമ്പോള്‍ 300 ഘനയടിയാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്.

ഇത് സെക്കന്റില്‍ 250 ഘനയടിയായാണ് കുറച്ചത്. ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറിച്ചത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞ ദിവസം ഡാം തുറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു.

എന്നാല്‍ മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാനുള്ള തീരുമാനം മാറ്റി. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്നലെ രാവിലെ പത്തു മണിയോടെ തുറക്കുമെന്ന് അറിയിച്ചിരുന്നത്.

ജലനിരപ്പ് 142 അടിയിലേക്കെത്തന്ന സാഹചര്യമുണ്ടായാല്‍ തുറക്കാനായിരുന്നു തമിഴ്‌നാടിന്റെ തീരുമാനം. സെക്കന്‍ഡില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേരളത്തില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേര്‍ന്നുള്ള തമിഴ്‌നാട് മേഖലയില്‍ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.