Saturday, May 4, 2024
indiaNews

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനെയും – ടീസ്റ്റ സെതല്‍വാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാറിനെയും എടിഎസ് അറസ്റ്റ് ചെയ്തു.                                                                 

2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി,

മുന്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കും എതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് നടപടി.

ഗുജറാത്ത് കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു സാക്കിയ ജാഫ്രിയുടെ ഹര്‍ജി.

സമാന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തിരുന്നു.                                   

ശനിയാഴ്ച ടീസ്റ്റയെ മുംബൈയിലെ വീട്ടിലെത്തിയ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഉച്ചയോടെ സെതല്‍വാദിന്റെ മുംബൈയിലെ വീട്ടില്‍ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെന്നും അവര്‍ അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവര്‍ അവരെ പിടിച്ചുകൊണ്ടുപോയെന്നും ടീസ്റ്റയുടെ അഭിഭാഷകനും പ്രതികരിച്ചു.

ഐപിസി സെക്ഷന്‍ 468- വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍, 471- വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാര്‍ത്ഥമായി ഉപയോഗിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ എന്നും അദ്ദേഹം പറഞ്ഞു.