Saturday, May 4, 2024
indiakeralaNews

മുന്‍കൂര്‍ ജാമ്യം തേടി നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍.

പണം വാങ്ങി വഞ്ചിച്ചുവെന്ന ക്രൈംബ്രാഞ്ച് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയെ സമീപിച്ചു. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഹര്‍ജി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് പരാതിയില്‍ പറയുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് സണ്ണിയെ ചോദ്യം ചെയ്തിരുന്നു.സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നും തനിക്കെതിരേ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെയാണ് സണ്ണി ലിയോണും കേസിലെ മറ്റുപ്രതികളായ സണ്‍സിറ്റി മീഡിയ പ്രതിനിധികളും ഹൈക്കോടതിയെ സമീപിച്ചത്.
പലതവണ സംഘാടകര്‍ പരിപാടി മാറ്റിവെച്ചു. പിന്നീട് ബഹ്റൈനില്‍ പരിപാടി നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019-ലെ പ്രണയദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ല. ഇതാണ് പരിപാടി നടക്കാതിരിക്കാന്‍ കാരണമെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് നടിയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. പെരുമ്ബാവൂര്‍ സ്വദേശിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഷിയാസ് ആണ് സണ്ണി ലിയോണിനെതിരേ പരാതി നല്‍കിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് സണ്ണി ലിയോണ്‍ 29 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നും എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തില്ലെന്നുമായിരുന്നു പരാതി. വിവിധ ഘട്ടങ്ങളിലായി നടിയുടെ മാനേജര്‍ക്കാണ് പണം നല്‍കിയതെന്നും പരാതിയിലുണ്ടായിരുന്നു.എന്നാല്‍ പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം തെറ്റാണെന്നായിരുന്നു സണ്ണി ലിയോണിന്റെ പ്രതികരണം. മാനേജര്‍ പണം കൈപ്പറ്റിയെന്നത് വാസ്തവമാണെങ്കിലും സംഘാടകര്‍ പലതവണ പരിപാടി മാറ്റിവെച്ചെന്നായിരുന്നു നടിയുടെ വിശദീകരണം. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നത്.