Saturday, May 4, 2024
indiaNews

മുത്തൂറ്റ് ശാഖയിലെ കവര്‍ച്ച; നാല് പേര്‍ പിടിയില്‍

തമിഴ്നാട് ഹൊസൂരിലെ മുത്തൂറ്റ് ശാഖയില്‍ നടന്ന കൊളളയില്‍ നാല് പേര്‍ പോലീസ് പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലംഗ സംഘം പിടിയിലായിരിക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് ഹൊസൂരില്‍ നാടിനെ ഞെട്ടിച്ച വന്‍ കവര്‍ച്ച നടന്നിരിക്കുന്നത്. പ്രതികളില്‍ രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്.പ്രതികളെ പിടികൂടാനായി വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ചായിരുന്നു തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയുണ്ടായത്. ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയും സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൊളളസംഘം പോലീസിന്റെ വലയിലായത്. ഇന്നലെ തന്നെ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രതികളെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുന്നതാണ്. പ്രതികള്‍ കവര്‍ച്ച നടത്തിയ സ്വര്‍ണവും അതിനായി ഉപയോഗിച്ച സാമഗ്രികളും ഉള്‍പ്പടെയുളളവ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും.ഏഴുകോടി രൂപയുടെ സ്വര്‍ണവും തൊണ്ണൂറ്റിയാറായിരം രൂപയുമാണ് സംഘം കവര്‍ന്നത്. രാവിലെ പത്ത് മണിയ്ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കൊളള നടത്തിയത്. മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. സെക്യൂരിറ്റിയെ ഉള്‍പ്പടെ തോക്കിന്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു കവര്‍ച്ച.