Friday, May 17, 2024
keralaNews

മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം ഉണ്ടാകും; വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് .

  • ഞായറാഴ്ച ചന്തയുമില്ല 

  • മുക്കൂട്ടുതറ അന്നും – ഇന്നും അവഗണനയിലാണ്.

എരുമേലി: മലയോര മേഖലയുടെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രമായ മുക്കൂട്ടുതറ അന്നും – ഇന്നും അവഗണനയാണ്.എരുമേലി  ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായ മുക്കൂട്ടുതറയാണ് വികസനത്തിനായി കേഴുന്നത്.ശബരിമല തീർത്ഥാടന കേന്ദ്രം കൂടിയായ എരുമേലി പഞ്ചായത്തിലെ പ്രധാനപ്പെട്ട  സ്ഥലമായ മുക്കൂട്ടുതറയിൽ ബസ് സ്റ്റോപ്പോ -ടാക്സി സ്റ്റാൻന്റോ ഒന്നുമില്ല.കോവിഡ് മഹാമാരി വന്നതോടെ  വർഷങ്ങൾ പഴക്കമുള്ള മുക്കൂട്ടുതറ ചന്തയും കഴിഞ്ഞ ഒന്നര വർഷമായി നിർത്തിവച്ചു.പരമ്പരാഗത കൊട്ട നെയ്ത്ത്,വനവിഭവങ്ങളുടെ കച്ചവടം ,അടക്കം എല്ലാം ഇന്നും പ്രതിസന്ധിയിൽ തന്നെയാണ്.പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദവുമല്ല. ഏറ്റവുമധികം ബസ് സർവീസുകളുള്ള മലയോരമേഖലയായ മുക്കൂട്ടുതറ എരുമേലി ഗ്രാമപഞ്ചായത്തിൽ ഭരണത്തിലേറുന്ന  മുന്നണികൾ എന്നും അവഗണിക്കുകയായിരുന്നുവെന്നും  നാട്ടുകാർ പറഞ്ഞു .ജില്ലയിൽ  23 വാർഡുകൾ അടങ്ങുന്ന ഏറ്റവും വലിയ പഞ്ചായത്തായ  എരുമേലി ഗ്രാമപഞ്ചായത്തിന് വിഭജിച്ച്  മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിട്ട്  വർഷങ്ങളായി.മുക്കൂട്ടുതറയുടെ സമസ്ത മേഖലകളിലും വികസന മുരടിപ്പ് നേരിട്ടുകൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.എന്നാൽ മുക്കൂട്ടുതറയുടെ വികസനത്തിനായി  വലിയ പദ്ധതികളാണ്  തയ്യാറാക്കുന്നതെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു.ഒന്നാം ഘട്ടത്തിൽ  അടിയന്തരമായി മുക്കൂട്ടുതറ ടൗണിൽ ബസ് വെ നിർമ്മിക്കും.സർക്കാർ ഫണ്ട് ലഭിക്കുന്ന മുറക്ക്  പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ്  പുതുക്കി നിർമ്മിക്കുമെന്നും അവർ പറഞ്ഞു.ഷോപ്പിംഗ് കോംപ്ലക്സിൽ  സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ എന്ന പദ്ധതിയുമായി വിവിധ സർക്കാർ ഓഫീസുകൾ ഏകീകരിക്കുന്ന തരത്തിലുള്ള കോംപ്ലക്സാണ്  നിർമ്മിക്കുകയെന്നും അവർ പറഞ്ഞു .അടുത്ത നാലു വർഷത്തിനുള്ളിൽ  13 – 14 വാർഡുകളുമായി മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ  പഞ്ചായത്ത് രൂപീകരണം നടക്കുമെന്നും അവർ പറഞ്ഞു .പുതിയ ബസ്സ്റ്റാൻഡ് നിർമ്മാണത്തിന് കാലതാമസം ഉണ്ടാകുമെങ്കിലും പഞ്ചായത്ത് രൂപീകരണത്തോടെ മുക്കൂട്ടുതറ വികസന പാതയിൽ എത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.