Monday, April 29, 2024
keralaNews

മുക്കൂട്ടുതറയില്‍ വീണ്ടും കടയില്‍ നിന്നും പഴകിയ മത്സ്യം പിടികൂടി.

എരുമേലി : മുക്കൂട്ടുതറ – പമ്പാവാലി റോഡില്‍ ഓട്ടോ സ്റ്റാന്‍ ന്റിന് എതിര്‍ വശത്തായി പ്രവര്‍ത്തിക്കുന്ന സച്ചുസ് ഫിഷ് മാര്‍ട്ട് എന്ന മത്സ്യ വ്യാപാര സ്ഥാപനത്തില്‍ നിന്നും പഴകിയ പുഴു അരിച്ച നിലയില്‍ മത്സ്യം പിടികൂടി. ഏകദേശം 100 കിലോയോളം മത്സ്യമാണ് പഴകിയ നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ തൈപ്പറമ്പില്‍ ഫസിലി എന്ന ആളുടെ ഉടമസ്ഥതയിലാണ് മത്സ്യ വ്യാപാരസ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ന് രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പുഴുവരിച്ച നിലയില്‍ ഉള്ള 6 പെട്ടി മത്സ്യം കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ബഹളം ഉണ്ടാക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, പോലീസും, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും സംഭവസ്ഥലത്ത് എത്തുകയും നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇന്ന് പഴക്ക പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ ആറു പെട്ടി മത്സ്യവും ബ്ലീച്ചിംഗ് പൗഡര്‍ ഇട്ട് നശിപ്പിച്ചു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആയിരുന്നു ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ് കെ .എന്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ലിജിന്‍ എസ്സ്, സുനീര്‍ കെ.കെ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തോമസുകുട്ടി,സബ് ഇന്‍സ്‌പെക്ടര്‍ ഷാനവാസ്,സി പി ഓ അബ്ദുള്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് പഴകിയ മത്സ്യം പിടികൂടിയത്.