Sunday, May 5, 2024
keralaNews

മുക്കത്ത് ഒരു മൃതദേഹം സംസ്‌കരിച്ചിട്ടില്ല… ശ്മശാനം മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റി

മുക്കത്ത് ഏറെ കാലത്തെ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവില്‍ തിരുവമ്പാടിയില്‍ ശ്മശാനം യാഥാര്‍ത്ഥ്യമായിട്ടും ജനങ്ങള്‍ക്ക് ഗുണമില്ല. ഒറ്റപ്പൊയിലില്‍ രണ്ടേക്കര്‍ സ്ഥലത്താണ് 45 ലക്ഷം രൂപ ചെലവില്‍ തിരുവമ്പാടി പഞ്ചായത്ത് ആധുനിക വൈദ്യുത ശ്മശാനം ഒരുക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ ഒക്ടോബറില്‍ ഉദ്ഘാടനവും നടത്തി.  എന്നാല്‍ ഇന്നുവരെ ഒരു മൃതദേഹം പോലും ഇവിടെ സംസ്‌കരിച്ചിട്ടില്ലെന്നു മാത്രമല്ല മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.മരണം സംഭവിക്കാഞ്ഞിട്ടോ സംസ്‌കരിക്കാന്‍ മൃതദേഹമില്ലാഞ്ഞിട്ടോ അല്ല.                                                                                                   ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും രണ്ട് മതന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരായതിനാലും അവര്‍ക്ക് ദേവാലയങ്ങളോട് ചേര്‍ന്ന് ശവസംസ്‌കാര സൗകര്യമുള്ളതിനാലും ഇതര വിഭാഗക്കാരാണ് ശ്മശാനത്തിന്റെ ഗുണഭോക്താക്കള്‍. വെറും നാലു സെന്റ് ഭൂമിയിലെ വീടുകളില്‍ താമസിക്കുന്ന കോളനിവാസികളും പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരുമെല്ലാം ഇവിടെ നൂറുകണക്കിലാണ്. ഇവരിലാരെങ്കിലും മരണപ്പെട്ടാല്‍ വളരെ പ്രയാസപ്പെട്ട് നാല്‍പതും അന്‍പതും കിലോമീറ്റര്‍ അകലെ കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡ് ശ്മശാനത്തില്‍ കൊണ്ടുപോയി സംസ്‌കരിക്കുകയാണ് പതിവ്.                                                                         തിരുമ്പാടി പഞ്ചായത്ത് ശ്മശാനം പൂര്‍ണ സജ്ജമാക്കാതെയാണ് മുന്‍ ഭരണ സമിതി ഉദ്ഘാടനം നടത്തിയതെന്ന് നിലവിലെ ഭരണ സമിതി കുറ്റപ്പെടുത്തുമ്പോള്‍ ഈ ഭരണ സമിതി അധികാരമേറ്റിട്ട് ഇത്രയും നാളായിട്ടും എന്തു ചെയ്തെന്നാണ് മറു ചോദ്യം. ഇപ്പോള്‍ കൊവിഡ് ബാധയും മരണവും വ്യാപകമായ സാഹചര്യത്തില്‍ ശ്മശാനം ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശൃം.