Thursday, May 16, 2024
keralaNews

ബിജെപിക്ക് കൊടകര കുഴല്‍പ്പണകേസുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍.

ബിജെപിക്ക് കൊടകര കുഴല്‍പ്പണകേസുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ഇതു സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്നത് കുപ്രചരണങ്ങളാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്ന ആരോപണങ്ങളാണെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമായ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്ത് ഉദ്ദേശിച്ചായാലും ഒന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ കൃത്യമായി അന്വേഷണം നടക്കും’.

നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളിലായി ആയിരം കോടിയുടെ കുഴല്‍പണം പിടിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ തമിഴ്നാട്ടില്‍ നിന്നാണ്. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ സിപിഐഎമ്മിന് നല്‍കിയത് 25 കോടി രൂപയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ഇതുവരെയും അന്വേഷണത്തോട് സഹകരിക്കാതിരുന്നിട്ടില്ലെന്നും പൊലീസ് രണ്ടരമാസമായി എന്താണ് കണ്ടെത്തിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കള്ളപ്പണം ബിജെപിക്ക് വേണ്ടി വന്നതല്ലെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ടാണ് കേരള പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നത്.

കൊടകര കേസില്‍ ബിജെപിക്ക് ബന്ധമില്ലാത്തത് കൊണ്ടാണ് അതിന് പിന്നില്‍ ആരാണെന്ന് തെളിയണം എന്നാഗ്രഹിക്കുന്നത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് അകാരണമായാണ്. മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിനെ രാഷ്ട്രീയമായി നേരിടാണോ നിസഹകരിക്കാനോ ശ്രമിച്ചിട്ടില്ല. സ്വര്‍ണക്കടത്ത് സമയത്ത് സിപിഎം എന്താണ് ചെയ്തത്. വെളുപ്പിന് നാല് മണിക്ക് തലയില്‍ മുണ്ടിട്ടാണ് പലരും മാധ്യമങ്ങളെ പേടിച്ച് പോയത്. സിപിഐഎമ്മിനെ അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ബിജെപിക്കെതിരെ കുപ്രചാരവേല നടത്തുകയാണ്. പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് പകരം ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കുകയാണ് പൊലീസ്. ബാക്കി തുക കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് എന്തുകൊണ്ടാണ് എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

‘ആയിരക്കണക്കിന് കോടി രൂപയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ചെലവഴിച്ചത്. എന്നട്ടും എ വിജയരാഘവനൊക്കെ ഹരിശ്ചന്ദ്രന്‍ ചമയുകയാണ്. സിപിഐഎമ്മിന്റെ പിആര്‍ വര്‍ക്കിന് വേണ്ടിമാത്രം 200 കോടിയിലധികം ചെലവഴിച്ചു. ഈ പണമൊക്കെ എവിടുന്നാണ് പാര്‍ട്ടിക്ക് കിട്ടിയത്. പല മാധ്യമസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പണം നല്‍കി. അതിനെല്ലാം തെളിവുകളുണ്ട്. ഇപ്പോള്‍ നടക്കുന്നതെല്ലാം ബിജെപിയെ തകര്‍ക്കാനുള്ള കള്ളപ്രചാരണമാണ്.ഇതിനെ ശക്തമായി നേരിടും’.സത്യസന്ധമായ അന്വേഷണമാണെങ്കില്‍ ഏതറ്റം വരെയും സഹകരിക്കും.ഒന്നും മറച്ചുവക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കാത്തതും നെഞ്ചുവേദന അഭിനയിക്കാത്തത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.