Sunday, May 19, 2024
keralaNews

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്തയെ കബറടക്കി.

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്തയെ കബറടക്കി.മലങ്കര മാര്‍ത്തോമ്മാ സഭയെ ലോകത്തിന് അടയാളപ്പെടുത്തിയ, ചിരിച്ചും ചിന്തിപ്പിച്ചും കേരള ജനസമൂഹത്തിന്റെ ഹൃദയത്തില്‍ ഇടംപിടിച്ച വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഇനി ഓര്‍മ്മ. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെ വലിയ മെത്രാപ്പൊലീത്തയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. കൊവിഡ് നിയന്ത്രണം കാരണം നഗരം ചുറ്റല്‍ അടക്കമുള്ള ചടങ്ങുകള്‍ ഒഴിവാക്കി. മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം സഭാ ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഭൗതിക ശരീരം ഇറക്കിവെച്ചു. ഡോ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ കല്ലറയ്ക്ക് ചേര്‍ന്ന കല്ലറയിലാണ് ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയും അന്ത്യവിശ്രമം കൊള്ളുക. സഭയുടെ പരമാധ്യക്ഷന്മാരെ അടക്കം ചെയ്യുന്ന സഭാ ആസ്ഥാനത്തെ പ്രത്യേക കല്ലറയാണിത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി പ്രമുഖര്‍ ഇന്ന് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഇക്കഴിഞ്ഞ ഏപ്രില്‍ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.