Tuesday, April 30, 2024
keralaNewspolitics

മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം എന്നു പറഞ്ഞു ആശുപത്രിയില്‍ എത്തിച്ച മകന്‍ അറസ്റ്റില്‍

മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം എന്നു പറഞ്ഞു ആശുപത്രിയില്‍ എത്തിച്ച മകന്‍ അറസ്റ്റില്‍. കോട്ടമല എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ വിജയകുമാരി(44) കൊല്ലപ്പെട്ട കേസില്‍ മകന്‍ ശരത് കുമാര്‍ (19) ആണ് നാല് ദിവസത്തിനു ശേഷം പൊലീസ് പിടിയിലായത്.

25ന് രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് വിജയകുമാരി ബോധരഹിതയായി എന്നു പറഞ്ഞാണ് ശരത് കുമാര്‍ സമീപവാസികളെ കൂട്ടി ഉപ്പുതറ ഗവ. ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ വിജയകുമാരി മരിച്ചതായി സ്ഥിരീകരിച്ചു. ചെവിയില്‍ നിന്നു നിന്നു രക്തം ഒഴുകുന്നതു കണ്ടതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. 27ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.25നു ജോലിക്കു പോയ മകന്‍ തിരികെ എത്താന്‍ താമസിച്ചതിനാല്‍ രാത്രി 8.30 വരെ മറ്റൊരു വീട്ടില്‍ ഇരിക്കുകയായിരുന്നു വിജയകുമാരി. മകന്‍ എത്തിയാണ് ഇവരെ വീട്ടിലേക്കു കൂട്ടി കൊണ്ടു പോയത്. ഈ സമയം ഇവര്‍ക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല . ഇതിനാല്‍ മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.

ശ്വാസംമുട്ടിയാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതോടെ പൊലീസ് ശരത് കുമാറിനെ കസ്റ്റഡിയിലെടുത്തു. വാക്കു തര്‍ക്കത്തിനും പിടിവലിക്കുമിടെ ഭിത്തിയില്‍ ഇടിച്ചു വീണ വിജയകുമാരിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചതായി ശരത്കുമാര്‍ സമ്മതിച്ചു. വിജയകുമാരിയുടെ രണ്ടാം ഭര്‍ത്താവ് രാമറിലുളള മകനാണ് ശരത് കുമാര്‍. രാമര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ടു പോയിരുന്നു. ആദ്യ ഭര്‍ത്താവില്‍ വിജയകുമാരിക്കു രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവര്‍ മറ്റിടങ്ങളിലാണ് താമസം.