Sunday, April 28, 2024
keralaNewspolitics

ശോഭ സുരേന്ദ്രനൊപ്പം റോഡ് ഷോ നയിച്ച് കെ സുരേന്ദ്രന്‍

കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനായി റോഡ് ഷോ നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ല, പാര്‍ട്ടി ഒറ്റക്കെട്ടെന്നും ശോഭ സുരേന്ദ്രന്‍ വിജയിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ഒട്ടനവധി താമരകള്‍ വിരിയുമെന്നും വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാനല്ല സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് ഇത്തവണത്തെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കെ.സുരേന്ദ്രന്‍ പരിഹസിച്ചു. ബംഗാളിലേയും ത്രിപുരയിലേയും സിപിഎമ്മിന്റെ അക്കൗണ്ട് ബിജെപി പൂട്ടിക്കഴിഞ്ഞുവെന്നും കേരളത്തിലെ അക്കൗണ്ട് ഉടന്‍ പൂട്ടും. ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും. അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്റെ ഉദകക്രിയ പിണറായിയില്‍ തന്നെ നടത്താമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടം കൂടാതെ വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം കെ.സുരേന്ദ്രന്‍ റോഡ് ഷോകളില്‍ പങ്കെടുത്തു.