Friday, May 17, 2024
keralaNewspolitics

സര്‍ക്കാര്‍ സഞ്ചാരം ഏകാധിപത്യത്തിന്റെ വഴിയിലൂടെ തൃശൂര്‍ അതിരൂപത 

തൃശൂര്‍: മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. നികുതി വര്‍ധനവും ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്രയും ധൂര്‍ത്തും ഉന്നയിച്ചാണ് വിമര്‍ശനം. സര്‍ക്കാര്‍ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്റെ വഴിയിലൂടെയാണെന്ന്, ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ. എന്ന ലേഖനത്തിലൂടെ സഭ വിമര്‍ശിക്കുന്നു. സര്‍വ്വ മേഖലയിലും ഭരണം കുത്തഴിഞ്ഞു കിടക്കുമ്പോഴും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിലെ പ്രതിഷേധം ഭയന്നാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങള്‍ക്ക് നടുവില്‍ സഞ്ചരിച്ച് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.ജനങ്ങളുടെ കഷ്ടപ്പാട് മനസിലാക്കി മന്ത്രിമാരുടെ ശമ്പളം കുറക്കാന്‍ നടപടിയെടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇഎംഎസിന്റെ പാരമ്പര്യം പേറുന്ന മുഖ്യമന്ത്രിക്ക് നികുതി കൊടുക്കുന്ന പാവങ്ങളുടെ പ്രതിഷേധം കാണാന്‍ കഴിയാത്തതെന്തെന്നും സഭ ചോദിക്കുന്നു. റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കിയാല്‍ ബി ജെ പി യെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിന്നും ബി ജെ പിയ്ക്ക് ഒരു എം.പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമാണ് പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആരോടും ആയിത്തമില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു.