Tuesday, April 30, 2024
keralaNews

 മഴ രണ്ടാഴ്ച വരെ തുടരാം; കടലാക്രമണ സാധ്യത…

ചെറുതായി ചാറിയും ഇടയ്ക്കു കനത്തിലും പെയ്ത മഴ ഏറിയും കുറഞ്ഞും രണ്ടാഴ്ച വരെ തുടരാന്‍ സാധ്യത. ഈ സമയത്തു പതിവില്ലാത്ത മഴ കൃഷിമേഖലയില്‍ അടക്കം പലയിടത്തും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അടുത്ത രണ്ടുദിനം ഇടവിട്ട് നന്നായി മഴ പെയ്‌തേക്കും. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും വരുംദിവസം മഴ കൂടുതലെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.കാലവര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലും ചുഴലിക്കാറ്റും ന്യൂനമര്‍ദവും തുടര്‍ച്ചയായി വന്നതോടെ സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷം വൈകുകയും മഴ കുറയുകയും ചെയ്തു. തുലാവര്‍ഷം വൈകിയതോടെ മഴമേഘങ്ങള്‍ പൂര്‍ണമായി ഒഴിഞ്ഞുപോകാത്ത സ്ഥിതിയുണ്ടായി.

ഇതോടൊപ്പം സമുദ്രജലത്തിന്റെ അനുകൂല താപനിലയും ഇപ്പോഴത്തെ മഴയ്ക്ക് ആക്കം കൂട്ടുന്നു. ഉഷ്ണമേഖലാ പ്രദേശത്തെ കാലാവസ്ഥയില്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍വരെ നീളുന്ന വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന മാഡംജൂലിയന്‍ ആന്ദോളനം എന്നു വിളിക്കുന്ന സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസം മേഖലയില്‍ കിഴക്കോട്ട് സഞ്ചരിക്കുകയാണ്.ഇത് ശരാശരി 60 ദിവസം വരെ നീണ്ടുനില്‍ക്കുമെന്നു കൊച്ചി സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ് പറഞ്ഞു. നിശ്ചിത കാലയളവിനുള്ളില്‍ ഈ പ്രതിഭാസം ഒരു ഘട്ടം പൂര്‍ത്തീകരിച്ചു തുടങ്ങിയിടത്തുതന്നെ വീണ്ടുമെത്തി സജീവമാകും. ഈ പ്രവാഹമാണ് ഇപ്പോഴുള്ള കാലാവസ്ഥാ മാറ്റത്തെ പ്രധാനമായി സ്വാധീനിച്ചത്.തമിഴ്‌നാട് തൂത്തുകുടി ഭാഗത്തുള്‍പ്പെടെ വലിയതോതില്‍ കാര്‍മേഘങ്ങള്‍ തുടരുകയാണ്. കേരളത്തില്‍ ഏതാനും ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നും നിരീക്ഷിക്കുന്നു. 1.8 മീറ്റര്‍ വരെ തിര ഉയരാമെന്നതിനാല്‍ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍ കയറാനുള്ള സാധ്യതയുണ്ട്.