Friday, April 26, 2024
keralaNews

മഴ മാറി അന്തരീക്ഷം തെളിഞ്ഞതോടെ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന

മഴ മാറി അന്തരീക്ഷം തെളിഞ്ഞതോടെ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ രാവിലെ വലിയ നടപ്പന്തലില്‍ ക്യൂ ഉണ്ടായിരുന്നു. ഏറെ സമയം കാത്തുനിന്നാണ് എല്ലാവരും പതിനെട്ടാംപടി കയറാന്‍ എത്തിയത്. കഴിഞ്ഞ 5 ദിവസവും തിരക്കില്ലായിരുന്നു. നട തുറന്ന ശേഷം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ദര്‍ശനത്തിന് എത്തിയ ദിവസമായിരുന്നു ഇന്നലെ.

അതിനാല്‍ കൊടിമര ചുവട്ടില്‍ നിന്ന് മേല്‍പാലത്തിലൂടെയാണ് ദര്‍ശനത്തിനായി ഭക്തരെ കടത്തി വിട്ടത്. മുന്‍നിരയില്‍നിന്നു തൊഴാന്‍ ആഗ്രഹിച്ചവര്‍ മേല്‍പാലം മുതല്‍ കാത്തുനിന്നു. മറ്റു നിരകളിലുള്ളവര്‍ ദര്‍ശനം നടത്തി നീങ്ങിയപ്പോഴും ഇവര്‍ക്കു കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വന്നു. ഇന്നലെ രാവിലെ ഉഷഃപൂജ കഴിഞ്ഞപ്പോഴേക്കും 6421 പേര്‍ ദര്‍ശനം നടത്തി. തിരക്ക് കുറയ്ക്കാന്‍ വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്ത സ്ലോട്ട് കൃത്യമായി പാലിച്ചാണ് നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്ന് കടത്തിവിട്ടത്. ഒരു സ്ലോട്ടില്‍ 625 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം. നദിയിലെ ശക്തമായ ഒഴുക്ക് കാരണം പമ്പാ സ്‌നാനം ആരംഭിക്കാന്‍ കഴിഞ്ഞില്ല, ഇതിനു പകരം അയ്യപ്പന്മാര്‍ക്ക് കുളിക്കാന്‍ 60 ഷവറുകള്‍ വന്‍കിട ജലസേചന വിഭാഗം പ്രത്യേകമായി ഒരുക്കി.