Friday, May 3, 2024
keralaNews

മലപ്പുറത്ത് രണ്ടര കോടിയുടെ കുഴല്‍പ്പണ വേട്ട; നാലുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളില്‍ നിന്നായി നടന്ന വന്‍ കുഴല്‍പ്പണ വേട്ടയില്‍ രണ്ടുകോടി മുപ്പത്തിയാറ് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ഇന്ന് പൊലീസ്            പിടിച്ചെടുത്തത്. മലപ്പുറത്ത് നിന്നും ഒരു കോടി നാല്‍പ്പത്തിയാറ് ലക്ഷം രൂപയും പെരിന്തല്‍ മണ്ണക്കടുത്ത് താഴേക്കോട് കാറില്‍ കടത്തികൊണ്ടുവന്ന തൊണ്ണൂറ് ലക്ഷത്തി തൊണ്ണൂറായിരം രൂപയും പൊലീസ് പിടികൂടി. കാറില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. മലപ്പുറം കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനില്‍ എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ സ്വര്‍ണ്ണ ഇടപാടുകാരുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.                    പെരിന്തല്‍മണ്ണയില്‍ പിടിയിലായത് എറണാംകുളം സ്വദേശി സുബ്രമണ്യന്‍ ഗണപതി, തൃശ്ശൂര്‍ സ്വദേശി ദേവ്കര്‍ നിതിന്‍ എന്നിവരാണ്. ഇവരും മഹാരാഷ്ട്രയിലെ സ്വര്‍ണ്ണ ഇടപാടുകാരാണ്. രണ്ട് കേസുകളിലും പണം കടത്തിയ കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് വളാഞ്ചേരിയില്‍ നിന്ന് ഒരുകോടി എണ്‍പതു ലക്ഷം രൂപ പിടിച്ചെടുത്തത്. പൂനെ സ്വദേശികളായ ദമ്പതിമാരാണ് പണം കടത്തിയത്. ഇതിന് പുറമേ ചെറിയ സംഖ്യയുടെ കുഴല്‍പ്പണം അടുത്തിടെ വേറേയും ജില്ലയില്‍ പിടികൂടിയിട്ടുണ്ട്. ഇതോടെ നാല് ദിവസത്തിനുള്ളില്‍ മലപ്പുറത്ത് അഞ്ച് കോടി രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് പിടികൂടിയിട്ടുള്ളത്.