Thursday, May 2, 2024
indiaNews

മറാത്ത സംവരണം റദ്ദാക്കി;ഇന്ദിരാസാഹ്നി വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്തകള്‍ക്ക് 16 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിച്ചത്. മറാത്ത സംവരണം ഭരണഘടന വിരുദ്ധമാണെന്നാണ് കോടതി നിരീക്ഷണം. അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവു, എസ് അബ്ദുള്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

ഏതെങ്കിലും ജാതിയെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലേക്ക് ചേര്‍ക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും അത് പ്രസിഡന്റിന് മാത്രമാണ് ചെയ്യാന്‍ കഴിയുകയെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പ്രത്യേക വിഭാഗങ്ങളെ പട്ടികയില്‍ ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാം പിന്നീട് ചട്ടങ്ങള്‍ പാലിച്ച് വേണം പ്രസിഡന്റിന്റെ അനുമതിയോടെ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍.