Monday, April 29, 2024
keralaNewsObituary

മരണത്തില്‍ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ

മാവേലിക്കര: മകള്‍ വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കള്‍. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ മരണത്തില്‍ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണന്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു. മഹേഷിന്റെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയുവിലുള്ള മഹേഷ് ഇപ്പോള്‍ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകള്‍ ശരിയാക്കാനായി ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പര്‍ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്. 4 വയസുള്ള മകളാണ് മഹേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഹേഷിന്റെ അമ്മ സുനന്ദയെയും വെട്ടിയെങ്കിലും ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.