Tuesday, May 14, 2024
keralaNews

നേഴ്‌സിംഗ് പഠനത്തിന് പണമില്ലാത്തതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കി.

കോന്നി :നേഴ്‌സിംഗ് പഠനത്തിന് പണമില്ലാത്തതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കി. തെങ്ങുംകാവ് കൊച്ചുപ്ലാവിളയില്‍ ഉഷയുടെയും പരേതനായ ശശികുമാറിന്റെയും മകള്‍ ആദിത്യ (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അമ്മ വീട്ടിലെത്തിയപ്പോള്‍ ആദിത്യയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ ശശികുമാര്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചു. ഇപ്പോള്‍ അമ്മയും മകളും മാത്രമാണ് താമസിക്കുന്നത്. പ്ലസ്ടു വിജയിച്ചതിനു ശേഷം ബിഎസ്സി നേഴ്‌സിംഗ് പഠിക്കണമെന്നായിരുന്നു ആഗ്രഹം.

സാമ്പത്തിക പ്രയാസം മൂലം തുടര്‍ന്നു പഠിക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമം ഉള്ളതായി കുട്ടി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. നേഴ്‌സിംഗ് പഠനത്തിന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ പോകാനായില്ല. പഠനച്ചെലവ് ഭാരിച്ചതായതിനാല്‍ വായ്പയെടുത്ത് പോകാമെന്ന് വിചാരിച്ചെങ്കിലും അത് അമ്മയ്ക്ക് ഏറെ ബാധ്യതയുണ്ടാക്കുമെന്നും മറ്റും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.