Monday, April 29, 2024
keralaNews

മരംമുറി കേസ്: വയനാട് പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്

മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ തകൃതിയെന്ന് പരാതി. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് കേസ് വഴി തിരിച്ചു വിടാനാണെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധം കനക്കുകയാണ്. കേസ് അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങിയതോടെയാണ് ഡിവൈഎസ്പി വി വി ബെന്നിയെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. അന്വേഷണ സംഘത്തിലുണ്ടായിരുന്ന വനം ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഒപി ധനേഷ് കുമാറിനെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. മികവുറ്റ രീതിയില്‍ അന്വേഷണം മുന്നോട്ടുപോകുന്നതിനിടെ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതില്‍ പോലീസ് സേനക്കിടയിലും അതൃപ്തി പുകയുന്നുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി മുട്ടില്‍ മരം മുറി കേസ് അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി വ്യക്തമാക്കി. പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ കേസ് സത്യസന്ധമായി അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലൂടെ സര്‍ക്കാര്‍ പ്രതികള്‍ക്കും മരം മാഫിയ സംഘത്തിനും ഒപ്പമാണെന്ന് തെളിഞ്ഞെന്ന് പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നു.