Tuesday, May 14, 2024
keralaNews

നിപ്പാ വൈറസ് ; കാട്ടുപന്നികളുടെ സാംപിള്‍ ശേഖരിക്കില്ല

നിപ്പായുടെ ഉറവിടം കണ്ടെത്താന്‍ കാട്ടുപന്നികളുടെ സാംപിള്‍ ശേഖരിക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചു.കാട്ടുപന്നിയുടെ സാന്നിധ്യം പ്രദേശത്ത് കാര്യമായില്ലെന്ന് കണ്ടതോടെയാണിത്. അതേസമയം വവ്വാലുകളെ പിടിക്കാന്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധര്‍ ഇന്നെത്തും.നിപ്പാ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് ആറുമാസം മുമ്പാണ് കാട്ടുപന്നിയെ കണ്ടത്.അതിനുശേഷം പന്നിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ല. മാത്രമല്ല പന്നിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടെങ്കില്‍ മാത്രമേ വൈറസ് പടരൂ. അതുണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് പന്നിയുടെ സാംപിള്‍ പരിശോധനയ്‌ക്കെടുക്കേണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചത്. ആടില്‍ നിന്നും പന്നിയില്‍ നിന്നും വൈറസ് പടരാനുള്ള സാധ്യത ഇല്ലാതായതോടെ വവ്വാലുകളെ കേന്ദ്രീകരിച്ച് മാത്രമായി പരിശോധന. മൃഗസംരക്ഷണവകുപ്പ് നേരത്തെയെടുത്ത വവ്വാലുകളുടെ സാംപിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം വരാന്‍ രണ്ടുദിവസമെടുക്കും.ജീവനുള്ള വവ്വാലുകളുടെ സ്രവമെടുക്കാനായി പുണെ വൈറോളജി ലാബിലെ വിദഗ്ധര്‍ ഉച്ചയോടെ കോഴിക്കോടെത്തും. കുട്ടിയുടെ വീടിന് സമീപത്തെ പുഴക്കരയിലെ തോട്ടത്തില്‍ നിന്നായിരിക്കും വവ്വാലുകളെ പിടികൂടുക.പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും അടച്ചത് കാരണംപാല്‍ വിതരണം നടക്കുന്നില്ല. അതുകൊണ്ടുതന്നെ പാല്‍സൊസൈറ്റികളോട് വീടുകളില്‍ നേരിട്ടെത്തി പാല്‍ ശേഖരിക്കാന്‍ മൃഗസംരക്ഷണവകുപ്പ് നിര്‍ദേശം നല്‍കി. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 68 പേരുടെ സാംപിള്‍ ഫലമാണ് ഇതുവരെ വന്നത്.