Thursday, May 2, 2024
indiaNews

മയക്കുമരുന്ന് കേസില്‍ കൂടുതല്‍ തെന്നിന്ത്യന്‍ താരങ്ങളെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു

മയക്കുമരുന്ന് കേസില്‍ കൂടുതല്‍ തെന്നിന്ത്യന്‍ താരങ്ങളെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഹൈദരാബാദിലെ ഇഡി ഓഫീസില്‍ ഇന്ന് ചോദ്യം ചെയ്യല്ലിനായി ഹാജരായി. എന്‍സിബി, ഇഡി, ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘവും വിവിധ താരങ്ങളെ കേന്ദ്രകരിച്ച് അന്വേഷണം തുടരുകയാണ്.

30 കോടിയലിധകം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റാണാ ദഗ്ഗുബാട്ടിയെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് റാണാ ദഗ്ഗുബാട്ടിയെ ചോദ്യം ചെയ്യുന്നത്. പ്രശസ്ത നടി ചാര്‍മി കൗറിനും രാകുല്‍ പ്രീത് സിംഗിനും എന്‍സിബി നോട്ടീസ് അയച്ചിട്ടുണ്ട്. രാകുല്‍ പ്രീത് സിംഗിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. ചാര്‍മി കൗറിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍സിബിയും അവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കന്നഡയിലെ പ്രമുഖ നടിയും അവതാരകയുമായ അനുശ്രീ മയക്കുമരുന്ന ശൃംഖലയിലെ പ്രധാന ഡീലറാണെന്നാണ് കര്‍ണാടക ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.