Saturday, April 27, 2024
keralaNewsObituary

മധു വധക്കേസില്‍ കൂറുമാറിയ വനംവാച്ചറിനെ പിരിച്ചുവിട്ടു

പാലക്കാട്; അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേളയില്‍ കൂറുമാറിയ വനം വാച്ചറായ സുനില്‍ കുമാറിനെ വനംവകുപ്പ് പിരിച്ചുവിട്ടു. കേസില്‍ 21 ാം സാക്ഷിയായ ഇയാള്‍ കൂറുമാറിയതോടെയാണ് പിരിച്ചുവിട്ടത്. മധുവിനെ പ്രതികള്‍ പിടിച്ചുകൊണ്ടുവരുന്നതും കള്ളന്‍ എന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടുവെന്നായിരുന്നു ഇയാള്‍ ആദ്യം പോലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ കോടതിയില്‍ ഈ മൊഴി മാറ്റി പറഞ്ഞു. ഇതോടെയാണ് സുനില്‍ കുമാറിനെതിരെ വനംവകുപ്പ് നടപടിയെടുത്തത്. സൈലന്റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വാച്ചറായിരുന്നു സുനില്‍കുമാര്‍. വിചാരണ വേളയില്‍ സുനില്‍ കുമാര്‍ മൊഴി മാറ്റി പറഞ്ഞതോടെ കോടതി ഇടപെടുകയായിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം സംഭവ ദിവസം മധുവിനെ പ്രതികള്‍ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായി സുനില്‍കുമാര്‍ നില്‍ക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് തനിക്ക് കാണാന്‍ കഴിയുന്നില്ലെന്നാണ് സുനില്‍ കുമാര്‍ പറഞ്ഞത്.തുടര്‍ന്ന് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു നേത്ര പരിശോധന. ഫലം നാളെ കോടതിയില്‍ ഹാജരാക്കും. സുനില്‍കുമാറിനോട് നാളെ ഹാജരാകാനും വിചാരണക്കോടതി നിര്‍ദ്ദേശിച്ചു.ഇതോടെയാണ് വനംവകുപ്പ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. മധു കേസില്‍ കൂറുമാറിയതിനെ തുടര്‍ന്ന് ഇതുവരെ നാല് വനംവാചര്‍മാരെയാണ് പിരിച്ചു വിട്ടത്. സുനില്‍കുമാറിന് മുമ്പ് അനില്‍കുമാര്‍, അബ്ദു റസാക്, കാളിമൂപ്പന്‍, സുനില്‍ കുമാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.