Friday, April 26, 2024
indiaNewsSports

ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. 2007ല്‍ ആദ്യ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിലെ സുപ്രധാന സാന്നിദ്ധ്യമായിരുന്നു ഉത്തപ്പ. 46 ഏകദിനങ്ങളില്‍ നിന്നായി 934 റണ്‍സും 13 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 249 റണ്‍സും നേടിയിട്ടുണ്ട്. 2007 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ പരുങ്ങലിലായിരുന്ന ഇന്ത്യയെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയിലൂടെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് ഉത്തപ്പയായിരുന്നു. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍, ബൗള്‍ ഔട്ടിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ചതിലും ഉത്തപ്പ നിര്‍ണ്ണായക പങ്ക് വഹിച്ചു. പേസ് ബൗളര്‍മാരെ പോലും ക്രീസില്‍ നിന്നും ചാടിയിറങ്ങി പ്രഹരിച്ചിരുന്ന ഉത്തപ്പ, സമകാലിക ക്രിക്കറ്റിലെ മികച്ച ആക്രമണകാരിയായ ബാറ്റര്‍മാരില്‍ ഒരാളായിരുന്നു.2012ലും 2014ലും ഗൗതം ഗംഭീര്‍ നയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടുമ്പോള്‍ ഉത്തപ്പയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 2021ല്‍ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ ടീമിലും ഉത്തപ്പ ഭാഗമായിരുന്നു. 205 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 27 അര്‍ദ്ധ ശതകങ്ങള്‍ ഉള്‍പ്പെടെ 4,952 റണ്‍സ് അടിച്ചു കൂട്ടിയിട്ടുള്ള റോബിന്‍ ഉത്തപ്പ, ഐപിഎല്‍ ചരിത്രത്തിലെ ഒന്‍പതാമത്തെ മികച്ച റണ്‍ വേട്ടക്കാരനാണ്. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ഉത്തപ്പ, കേരള രഞ്ജി ടീമിന്റെ ക്യാപ്ടനായും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.