Tuesday, April 30, 2024
keralaNews

മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തിയ 100 ജീവനക്കാര്‍ക്കെതിരെ കൂട്ട നപടിയെടുത്ത് ഗതാഗത വകുപ്പ്. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ 26 താത്കാലികക്കാരെ പിരിച്ചുവിട്ടു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ജീവനക്കാര്‍ കുടുങ്ങിയത്. മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചിരുന്നു. നടപടിക്ക് വിധേയരായവരില്‍ സ്വിഫ്റ്റ് ജീവനക്കാരും ഉള്‍പ്പെടും. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും വിജിലന്‍സ് സംഘം അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതിനും – ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമായാണ് 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1 സ്റ്റേഷന്‍ മാസ്റ്റര്‍, 2 വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, 1 സെക്യൂരിറ്റി സര്‍ജന്റ്, 9 സ്ഥിരം മെക്കാനിക്ക്, 1 താത്കാലിക മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടര്‍, 9 താത്കാലിക കണ്ടക്ടര്‍,1 സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍, 10 താത്കാലിക ഡ്രൈവര്‍, 5 സിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവരാണ് കുടുങ്ങിയത്. വനിത ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് പരിശോധന നടത്തിയത്.