Sunday, May 12, 2024
keralaNews

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ഉത്തരവ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് പണം ഈടാക്കാനുള്ള നടപടിയ്ക്ക് ഉത്തരവ്. 25 പേരില്‍ നിന്ന് 125.84 കോടി ഈടാക്കാനാണ് നടപടി. തൃശൂര്‍ ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പണം ഡയറക്ടര്‍ അംഗങ്ങളില്‍ നിന്ന് തിരിച്ച് പിടിക്കും. 20 മുന്‍ ഡയറക്ടര്‍മാരില്‍ നിന്നും മുന്‍ സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരില്‍ നിന്നാണ് തുക ഈടാക്കുക. പണം നല്‍കേണ്ടത് സംബന്ധിച്ച് ഇവര്‍ക്ക് ഉടനടി നോട്ടീസ് നല്‍കും. പട്ടികയിലുള്ള രണ്ട് പേര്‍ മരിച്ചതിനാല്‍ ഇവരുടെ അവകാശികളെ കക്ഷി ചേര്‍ത്ത് പണം ഈടാക്കുമെന്നാണ് വിവരം. ബാങ്കില്‍ 2011 മുതല്‍ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. 300 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. അതില്‍ 125 കോടി രൂപയാണ് ഇപ്പോള്‍ നടപടിയിലൂടെ തിരിച്ച് പിടിക്കുക.നടപടി സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം റവന്യൂ റിക്കവറി വിഭാഗത്തിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് പണം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഉടന്‍ നല്‍കും.