Friday, May 17, 2024
keralaNews

മത്സ്യബന്ധത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി.

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി. അപകടത്തെ തുടര്‍ന്ന് രണ്ട് ദിവസം നടുക്കടലില്‍ അകപ്പെട്ട അഞ്ച് പേരെ രക്ഷിച്ച് കൊച്ചിയിലെത്തിച്ചു. വിദേശ കപ്പലിലെ ജീവനക്കാരാണ് തൊഴിലാളികളെ രക്ഷിച്ച് കോസ്റ്റ് ഗാര്‍ഡിനെ ഏല്‍പ്പിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് ബേപ്പൂര്‍ ചാലിയം ഹാര്‍ബറില്‍ നിന്നാണ് ആറ് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയത്. ഇതില്‍ മൂന്ന് പേര്‍ മലയാളികളും മൂന്ന് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്. ചാലിയം സ്വദേശി ഷഫീര്‍ന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ ബോട്ടിലായിരുന്നു യാത്ര. ചൊവാഴ്ച വൈകിട്ട് ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്. ഹാര്‍ബറിന് ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. ചാലിയം തൈക്കടപ്പുറത്ത് അലി അസ്‌കറിനെയാണ് അപകടത്തെ തുടര്‍ന്ന് കാണാതായി.

നടുകടലില്‍പ്പെട്ട ബാക്കിയുള്ളവര്‍ തീരം തേടി നാല്‍പ്പത് നോട്ടിക്കല്‍ മൈല്‍വരെ നീന്തി. വ്യാഴാഴ്ച ഉച്ചയോടെ അതുവഴി വന്ന വിദേശകപ്പലിലെ ജീവനക്കാരാണ് അഞ്ച് പേരെയും രക്ഷിച്ചത്. കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അയച്ച് അഞ്ച് പേരെയും കൊച്ചിയിലെത്തിച്ചു.ചാലിയം സ്വദേശികളായ പി.പി. സെമി, ഷിഹാബ്, ബംഗാള്‍ സ്വദേശികളായ പ്രണവ് ദാസ്, അബ്ദുള്‍ സലാം, ഗുരു എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുഖം പ്രാപിക്കുന്നതിനനുസരിച്ച് ഇവരെ ഫിഷറീസ് വകുപ്പ് ഇടപ്പെട്ട് നാട്ടിലെത്തിക്കും.